മാനന്തവാടി: കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി (ഡബ്ല്യുഎസ്എസ്എസ്) നടപ്പിലാക്കുന്ന സേഫ് വിതിൻ പ്രോജക്ടിന്റെ ഭാഗമായി രൂപീകരിച്ച ‘ഹാർട്ട്’ ടാസ്ക് ഫോഴ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി ഡബ്ല്യുഎസ്എസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന ക്യാന്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ലഹരിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചും അനുബന്ധ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം ബോധവത്കരണ ക്ലാസ് എടുത്തു.
ഡബ്ല്യുഎസ്എസ്എസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസർ പി.എ. ജോസ്, കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീസർ അബീഷ് ആന്റണി, ഡെൽന മേരി ജെയ്സണ്, ബിഫ്രണ്ടിംഗ് കോ-ഓർഡിനേറ്റർ സിസ്റ്റർ ലില്ലി മാത്യു എന്നിവർ പ്രസംഗിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും അടിയന്തര ഘട്ടങ്ങളിലും കാര്യക്ഷമമായി ഇടപെടുന്നതിന് ടാസ്ക് ഫോഴ്സ് അംഗങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടത്തിയത്.
തുടർന്ന് നടന്ന വിവിധ പഠന സെഷനുകളിൽ അഞ്ചുകുന്ന് റിവൈവ് ആശുപത്രിയുടെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ, ബേസിക് ലൈഫ് സപ്പോർട്ട്, സിപിആർ എന്നിവയിൽ വിശദമായ പരിശീലനം നൽകി. ദുരിതാശ്വാസ ക്യാന്പുകളുടെ നടത്തിപ്പും മാനുഷിക സഹായ മാനദണ്ഡങ്ങളും സംബന്ധിച്ച് കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീസർ അബീഷ് ആന്റണിയും പ്രകൃതിദുരന്തങ്ങളെയും പ്രളയഉരുൾപൊട്ടൽ സാധ്യതകളെയും നേരിടുന്നതിനുള്ള വിദ്യകളെക്കുറിച്ച് വയനാട് സ്പോർട്സ് ആൻഡ് ഗെയിംസ് അഡ്വഞ്ചർ അക്കാദമി സെക്രട്ടറി ലൂക്കാ ഫ്രാൻസിസും ക്ലാസുകൾ നയിച്ചു.
എൻഡിആർഎഫ് സംഘം സിഐ സുഭാഷിന്റെ നേതൃത്വത്തിലുള്ള നാല് അംഗ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സ് അംഗങ്ങൾക്ക് പ്രായോഗിക പരിശീലനം നൽകി.